Whiteline Followers
ദിലീപ് ചതിച്ചു
മലയാള സിനിമ ഇന്ന് ചില ജോത്സ്യന്മാരുടെ കയ്യിലാണെന്നും ആര്ട്ടിസ്റ്റുകളെയും, സാങ്കേതിക പ്രവര്ത്തകരേയും നിശ്ചയിക്കുന്നത് ഇക്കൂട്ടരാണെന്നും പ്രശസ്ത സംവിധായകന് തുളസീദാസ്. നടന് ദിലീപിനെപോലെ അര്ഹിക്കാത്ത അംഗീകാരങ്ങള് കിട്ടിയ ചിലര് സിനിമാ പ്രവര്ത്തകരാണ് ഇതിന് പിന്നിലെന്നും വാര്ത്തയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില് തുളസീദാസ് പറഞ്ഞു. സിനിമാക്കാര്ക്കിടയില് ഇന്ന് കണ്ടുവരുന്ന അകല്ച്ചയും, പാരവയ്പും ആരോഗ്യകരമല്ലായെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 7, ഞായറാഴ്ച ദിവസം എഴുത്തുകാരനും പത്രപ്രവര്ത്തകനുമായ പ്രേമന് ഇല്ലത്തിന്റെയും താര പ്രേമന്റെയും മകളായ ഐശ്വര്യ പ്രേമന്റെ ഭരതനാട്യ അരങ്ങേറ്റത്തിന് സാവിത്രിബായ് ഫുലെ ഒഡിറ്റോറിയത്തില് മുഖ്യാതിഥിയായി എത്തിയതായിരുന്നു തുളസീദാസ്.
ഏകദേശം 32-ല് അധികം ചിത്രങ്ങള് സംവിധാനം ചെയ്ത തുളസീദാസിന് മലയാള സിനിമയുടെ വ്യാകരണങ്ങള് മനഃപാഠമാണ്.
കഴിഞ്ഞ കുറേക്കാലമായി പക്ഷേ തുളസീദാസ് എന്ന സംവിധായകന് വാര്ത്തകളില് നിറഞ്ഞുനിന്നത് സ്വന്തം സിനിമയുടെ മേല്വിലാസത്തേക്കാള് ചില വിവാദങ്ങളിലൂടെയായിരുന്നു. ദിലീപും, മാക്ടയും, അമ്മയുമായി അച്ചടി ദൃശ്യമാധ്യമങ്ങള് ഗോസിപ്പ് വിരുന്നൊരുക്കിയപ്പോള് പലയിടത്തും വാര്ത്തകള് വളച്ചൊടിക്കപ്പെട്ടിരുന്നുവെന്ന് തുളസീദാസ് പറഞ്ഞു.
ഞാന് മമ്മൂട്ടിയേയും, മോഹന്ലാലിനെയും വച്ച് ചിത്രങ്ങള് എടുത്ത സംവിധായകനാണ്. എന്താണ് സ്ക്രിപ്റ്റ് എന്നുപോലും ചോദിക്കാതെ എന്റെ സിനിമയില് അഭിനയിക്കാന് സമ്മതിച്ച നടനാണ് മമ്മൂട്ടി. എന്നാല് ദിലീപ് ആകട്ടെ സ്വന്തമായി ഗ്രൂപ്പുണ്ടാക്കി. സംവിധായകനെയും മറ്റ് സാങ്കേതിക പ്രവര്ത്തകരേയും സ്വയം തീരുമാനിക്കുന്ന പ്രവണതയ്ക്കു തുടക്കമിട്ടു.
ഒരു ജ്യോത്സ്യന്റെ അടുത്തുപോയി തിരക്കിയതിനുശേഷമാണ് ആരു സംവിധായകനാകണമെന്നും, ആര് കൂടെ അഭിനയിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത്. ഒരു ജ്യോത്സ്യന്റെ കൈയിലാണോ മലയാള സിനിമയുടെ ഭാവി? ഇതുമൂലം എത്ര ടെക്നീഷ്യന്മാര്ക്കാണ് മാറി പോകേണ്ട ഗതികേടുണ്ടായത്. ഇത് ആശാസ്യകരമായ പ്രവണതയല്ല. എന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഞാന് 4 വര്ഷം മുന്പ് ദിലീപിനോട് ഒരുപടത്തിന്റെ കഥ പറയുകയുണ്ടായി. അത് സ്വീകാര്യമായതിനെതുടര്ന്ന് അഡ്വാന്സും നല്കി. അതും സാധാരണ അഡ്വാന്സല്ല. 40 ലക്ഷം രൂപ. ഒരു സ്ഥലം രജിസ്റ്റര് ചെയ്യാനുണ്ടെന്നും അത്യാവശ്യമായി പണം ആവശ്യമുണ്ടെന്നും പറഞ്ഞതുകൊണ്ടാണ് നിര്മ്മാതാവിന്റെ കൈയില്നിന്നും ഞാന് പണം വാങ്ങിക്കൊടുത്തത്. എത്രയും വേഗം പടം തീര്ത്തുകൊടുക്കണമെന്ന ഒറ്റ ഡിമാന്റേ ഞാന് വച്ചിരുന്നുളളു. മുംബൈ മലയാളിയായിരുന്നു നിര്മ്മാതാവ്. സംവിധായകനായ എനിക്ക് 5 ലക്ഷം രൂപയും അഡ്വാന്സായി ലഭിച്ചു. ഏഴുമാസത്തിനകം സിനിമാ ചെയ്യാമെന്നാണ് ദിലീപ് ഏറ്റിരുന്നത്. അതുപ്രകാരം കരാര് ഒപ്പിട്ടെങ്കിലും പൈസ മുഴുവന് കയ്യില്വന്നതോടുകൂടി ദിലീപ് ചുവട് മാറ്റി. ഏഴുമാസം എട്ടായി, പത്തായി, പന്ത്രണ്ടായി, നാളുകള് പിന്നെയും കടന്നുപോയി. നിര്മ്മാതാവ് ദിലീപിന്റെ പേരില് കേസുകൊടുക്കാനൊരുങ്ങി. ഞാന് തടസ്സപ്പെടുത്തി. ഒരിക്കലും ഒരു കലാകാരന്റെ പേരില് കേസ്സുകൊടുക്കുന്നത് ശരിയല്ലെന്നും അതയാളുടെ കരിയറിനെബാധിക്കുമെന്നും ഞാന് നിര്മ്മാതാവിനോടു പറഞ്ഞു. ദിലീപുമായി നിര്മ്മാതാവു ബന്ധപ്പെട്ടപ്പോള് ചില നിര്ദ്ദേശങ്ങള് ദിലീപ് മുന്നോട്ടുവെച്ചു.
ക്യാമറാമാന് ഇന്നയാള് വേണം, മേക്കപ്പ് മറ്റെയാള്ക്കു കൊടുക്കണം. സാങ്കേതിക വിദഗ്ദ്ധന്മാര് ഇന്നാരൊക്കെയാവണം തുടങ്ങി മലയാള സിനിമയ്ക്കു പരിചയമില്ലാത്ത കുറെ ഇഷ്ടക്കാരെ തിരുകി കയറ്റാന് ദിലീപ് ശ്രമംനടത്തി. നായിക കാവ്യാമാധവന് തന്നെവേണമെന്ന നിര്ബ്ബന്ധം (അന്ന് കാവ്യാമാധവനുമായി പത്രങ്ങളില് ചില ഇഷ്യൂസ് നിലനില്ക്കുന്ന സമയം). അപ്പോഴാണ് ഞാന് പറഞ്ഞത്. ഇത് കാവ്യയ്ക്കു യോജിക്കുന്ന റോളല്ല. ഭാവനയ്ക്കുവേണ്ടി ഞാനാ റോള് ഒരുക്കിവച്ചിരിക്കുകയാണെന്ന്. പക്ഷെ, ദിലീപ് കാവ്യതന്നെ വേണമെന്ന് ശാഠ്യത്തില് ഉറച്ചുനിന്നു. അന്നു ഞാന് ദിലീപിനോടു പറഞ്ഞു. വെറും സ്റ്റാര്ട്ട്, ആക്ഷന്, കട്ട് പറയുന്ന സംവിധായകനായി മാത്രം എന്നെ കാണരുത്. മലയാളത്തിലെ മുന്നിര നായകന്മാരെവച്ച് സിനിമ എടുത്തിട്ടുളള ആളാണ് ഞാന്. ദിലീപിന്റെ നിര്ദ്ദേശങ്ങള് ഒരിക്കലും സ്വീകരിക്കാന് എനിക്കാവുമായിരുന്നില്ല. ഇതെല്ലാം മനസ്സില്വെച്ച് ദിലീപ് മുംബൈയില് എത്തി. പ്രൊഡ്യൂസറെ കണ്ടു. തുളസീദാസിനെവച്ച് ഇപ്പോള് സിനിമ ചെയ്താല് പരാജയപ്പെടുമെന്ന് ഉറപ്പിച്ചു പറഞ്ഞു. അപ്പോള് പാവം പ്രൊഡ്യൂസര് ചിന്തിച്ചു. തുളസീദാസിന് 5 ലക്ഷം രൂപയാണ് അഡ്വാന്സ് കൊടുത്തത്. 40 ലക്ഷം രൂപാ വാങ്ങിയ ദിലീപിന്റെ അഭിപ്രായങ്ങള്ക്കു ചെവികൊടുക്കുകയാണ് നല്ലതെന്ന് സ്വയം തീരുമാനിച്ചു.
എന്നാല് നാളുകള് പിന്നെയും കഴിഞ്ഞിട്ടും പ്രൊജക്ട് എങ്ങും എത്തിച്ചേര്ന്നില്ല. പിന്നീട് മുംബൈയില്നിന്നും നിര്മ്മാതാവ് എനിക്കു ഫോണ് ചെയ്തു. എന്നെ ശപിക്കരുത്. നിങ്ങളുടെ ഭാഗത്താണ് ന്യായമെങ്കിലും ഒരു നിര്മ്മാതാവെന്ന നിലയില് ഞാനവനു കീഴടങ്ങേണ്ടിവന്നു. പക്ഷെ ഇന്നു ഞാനെല്ലാം തിരിച്ചറിയുന്നുവെന്നും വ്യക്തമാക്കി. എനിക്കു വല്ലാത്ത കുറ്റബോധം തോന്നി. അന്ന് ദിലീപിനെതിരെ കേസ്സുകൊടുക്കാന് തയ്യാറായപ്പോള് ഞാനാണു വിലക്കിയത്. അന്ന് കേസ്സ് കൊടുത്തിരുന്നുവെങ്കില് ദിലീപ് പൂനെയിലെ കോടതിയില് കയറി ഇറങ്ങേണ്ടിവരുമായിരുന്നു.
പിടിച്ചുനില്ക്കാന് വേണ്ടി എന്തും പറയുന്ന നടനാണ് ദിലീപ്. സുദീര്ഘമായ ഒരു വിവരണത്തില് നിന്നും മനസ്സ് ശാന്തമായപ്പോള് - സിനിമയിലെ ഇന്നത്തെ ചില പ്രവണതകളെ കുറിച്ചായി ഞങ്ങളുടെ ചോദ്യങ്ങള്.
തിലകന് ആരോപിക്കുന്ന സൂപ്പര് താരങ്ങള് മമ്മൂട്ടിയും ദിലീപുമാണെന്ന് തുളസീദാസ് തറപ്പിച്ചു പറഞ്ഞു. ദിലീപെന്നു പറയുന്ന നടന് കളിക്കുന്നത് ആരോടാണ്. തിലകനെന്ന അഭിനയ പ്രതിഭയുമായി ദിലീപിനെതാരതമ്യംചെയ്യാന് പറ്റുമോ? മലയാള സിനിമയിലെ പെരുന്തച്ചനാണ് തിലകന്. പകരം വയ്ക്കാനില്ലാത്ത അഭിനയപാടവത്താല് പതിറ്റാണ്ടുകളായി ഏവരേയും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന നടന്. ഒരു നടന് എന്നാല് ജീവിതം സ്ക്രീനിലേക്ക് പരാവര്ത്തനം ചെയ്യുന്നയാളെന്ന് ഉറക്കെ വിളിച്ചുപറയുന്ന പ്രതിഭ. മലയാള സിനിമയുടെ കാരണവന്മാരുടെ നിരയില് ആദരിച്ചിരുത്തേണ്ടതിനു പകരം അവഹേളിക്കുകയും ആട്ടിപ്പായിക്കുകയുമാണ് ഇന്ന് ചിലര് തിലകനോട് ചെയ്യുന്നത്. മലയാളത്തിലെ ഏത് സൂപ്പര്താരവും ഗുരുതുല്യനായി കാണേണ്ട വ്യക്തിയാണ് തിലകന്. അദ്ദേഹത്തന്റെ ചില പരാമര്ശങ്ങളെയും തുറന്നടിച്ചുളള അഭിപ്രായപ്രകടനത്തെയും സമീപിക്കേണ്ട രീതിയും വ്യത്യസ്തമാകേണ്ടതുണ്ട്. അദ്ദേഹത്തെ പടിയടച്ചു പുറത്താക്കാനുളള ശ്രമം അപലപനീയമാണെന്ന് പറയാതെ വയ്യ. അതുപോലെതന്നെ മാള അരവിന്ദന്, കാപ്റ്റന് രാജൂ എന്നീ നടന്മാരെ ഉപരോധിച്ചരീതിയും ശരിയല്ല. പ്രായമായ നടന്മാരെ ബഹുമാനിക്കാന് മലയാള സിനിമ പഠിക്കണം.
കലാകാരന് നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നത് തെറ്റാണ്. ഇന്ന് ഈഗോയിസമാണ് സിനിമയില് നിലനില്ക്കുന്നത്. നല്ലൊരു കഥയല്ല ഇന്നാവശ്യം! മറിച്ച് ചില സൂപ്പര് താരങ്ങള്ക്കുവേണ്ടി കഥകള് ചമയ്ക്കുന്ന പ്രവണതയാണ് ഇന്ന് നിലനില്ക്കുന്നത്. അതുകൊണ്ടാണ് പല ചിത്രങ്ങളും എട്ടുനിലയില് പൊട്ടുന്നത്. നല്ലൊരു കഥയുണ്ടാക്കി പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാന് കഴിയാത്ത അവസ്ഥയാണ് ഇന്ന് മലയാള സിനിമയില് നിലനില്ക്കുന്നത്. അങ്ങനെയൊരു മാറ്റത്തിനായി തീയേറ്ററുടമകളും വിതരണക്കാരും പ്രേക്ഷകരും സഹകരിക്കണം എങ്കില് മാത്രമേ നല്ല സിനിമകള് ഉണ്ടാകുകയുളളു.